ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഡിസംബര്‍ അഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചാന്‍സലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍, ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാധ്യത. ചാന്‍സലറുടെ നിയമനം അഞ്ച് വര്‍ഷത്തേക്കാണെന്നാണ് ബില്ലില്‍ പറയുന്നത്. കാലാവധി കഴിഞ്ഞാല്‍ ഒരു തവണ പുനര്‍നിയമനം നല്‍കും. സര്‍വകലാശാലയിലാകും ചാന്‍സലറുടെ ആസ്ഥാനം. വകുപ്പ് മന്ത്രിമാരായിരിക്കും പ്രോ ചാന്‍സലര്‍.

അതേസമയം, ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്നാണ് കമ്മീഷന്റെ അഭിപ്രായം. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള വ്യക്തികള്‍ വരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.