ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമർശം; ശക്തമായ പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി. ‘അബ്ദുറഹിമാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ടെന്ന ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശത്തിനെതിരെയാണ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി രംഗത്തെത്തിയത്.

പരാമർശം പിൻവലിച്ചു മാപ്പുപറയണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേൽപ്പിച്ച അത്തരമൊരു പരാമർശത്തോടുള്ള നിലപാട് വ്യക്തമാക്കാൻ വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതാ നേതൃത്വം തയാറാവുകയും വേണമെന്നും കമ്മിറ്റി വ്യക്തമാക്കി.

നവംബർ 29ന് നടത്തിയ ഗുരുതര വർഗ്ഗീയ പരാമർശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടും ഇതുവരെ അതു പിൻവലിക്കാനോ, മാപ്പുപറയാനോ അദ്ദേഹം തയാറായിട്ടില്ല. സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരേ, അദ്ദേഹത്തിന്റെ പേരും മതവും ഉന്നംവച്ച് ഫാ. ഡിക്രൂസ് നടത്തിയ പരാമർശം സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അതു കണക്കിലെടുത്ത് അദ്ദേഹത്തിനെതിരേ കേസെടുക്കാനും അറസ്റ്റു ചെയ്യാനും പൊലീസ് തയാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ മതേതര ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള എല്ലാവരും എല്ലാത്തരം വർഗീയതയ്ക്കും ഫാസിസത്തിനും എതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കേണ്ട സമയമാണ്. എന്നാൽ രാജ്യത്തെ രണ്ടു പ്രബല ന്യൂനപക്ഷ സമുദായങ്ങളെ തമ്മിൽ അകറ്റാനും അതിൽ നിന്നു വർഗ്ഗീയമായി മുതലെടുക്കാനുമുള്ള ഗൂഢശ്രമങ്ങൾ ചില കേന്ദ്രങ്ങൾ നിരന്തരം നടത്തുന്നുണ്ട്. അതിനു ശക്തി പകരുന്നതാണ് ഫാ. ഡിക്രൂസിന്റെ പരാമർശം. തുടർന്നും ഇത്തരത്തിലുള്ള വെറുപ്പിന്റെ വർത്തമാനം പറയാൻ ആർക്കും ഇതൊരു പ്രചോദനമാകാതിരിക്കണമെങ്കിൽ തിരുത്തലും നിയമനടപടിയും ആവശ്യമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഫാ. ഡിക്രൂസിന്റെ പരാമർശത്തോട് വൈകാരികമായി പ്രതികരിക്കാനോ അതേ ശൈലിയിൽ മറുപടി പറയാനോ തയാറാകാത്ത മുസ്ലിം സമുദായത്തിന്റെയും സഹോദരസമുദായങ്ങളുടെയും പൊതുസമൂഹത്തിന്റെയും ജാഗ്രതയെ അഭിനന്ദിക്കുന്നു. അതേസമയം, ആ പരാമർശത്തിലെ വിഷംനിറഞ്ഞ ഉള്ളടക്കത്തെ അപലപിച്ചു സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ മതേതര പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നുവെന്നും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി കൂട്ടിച്ചേർത്തു.