ഗവർണറുടെ നടപടി ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹർജി; ഫയലിൽ പോലും സ്വീകരിക്കാതെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി തളളിയത്. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. നിയമസഭ നടത്തുന്ന നിയമനിർമാണങ്ങളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുളള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരുന്നത്.

അതേസമയം, ഗവർണറെ സർവ്വകലാശാല ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നിയമസഭയിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഡിസംബർ അഞ്ചിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ബില്ല് അവതരിപ്പിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഓരോ സർവ്വകലാശാലക്കും പ്രത്യേകം ഭേദഗതി ആവശ്യമുള്ളതിനാൽ ആകെ അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സർവ്വകലാശാലയുടെ തനത് ഫണ്ടിൽ നിന്ന് ഉപയോഗിക്കാനാണ് തീരുമാനം. തനത് ഫണ്ട് ഉപയോഗിക്കുന്നതിനാൽ ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി വേണ്ട.