വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാവർക്കും ഒരേ നിയമം മതി; പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണങ്ങൾ വേണ്ടെന്ന് സതീദേവി

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാവർക്കും ഒരേ നിയമം മതിയെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി. പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണങ്ങൾ വേണ്ടെന്നും സതീദേവി വ്യക്തമാക്കി. രാത്രി ഒമ്പതരയ്ക്കുശേഷം വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ പ്രതിഷേധിച്ച സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു സതീദേവിയുടെ പരാമർശം.

വിഷയത്തിൽ ഹൈക്കോടതിയിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് നൽകും. നിയന്ത്രണം ഒരു വിഭാഗത്തിന് മാത്രമാകരുതെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിശദമാക്കി. അതേസമയം, ഹോസ്റ്റൽ വിലക്കിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചു. സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആണധികാര വ്യവസ്ഥയുടെ ഭാഗമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ പ്രവേശന സമയം സംബന്ധിച്ച വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. പ്രായപൂർത്തിയായ പൗരന്മാരെ അവർക്ക് ഇഷ്ടമുള്ളയിടത്ത് പോകാൻ അനുവദിച്ചു കൂടേയെന്നാണ് കോടതി ചോദിക്കുന്നത്.

പെൺകുട്ടികൾ രാത്രി പത്തുമണിക്ക് മുൻപ് കോളേജ് ഹോസ്റ്റലിനുള്ളിൽ പ്രവേശിക്കണമെന്നതാണ് കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിൽ നിലവിലുള്ള നിയമം. ഹോസ്റ്റലിന്റെ ഗേറ്റ് പത്ത് മണി കഴിഞ്ഞാൽ അടയ്ക്കും. പിന്നീട് വരുന്ന വിദ്യാർഥികൾ ഏറെ നേരം പുറത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ചോദ്യം ചെയ്താണ് കഴിഞ്ഞ ദിവസം പെൺകുട്ടികൾ രംഗത്തെത്തിയത്. തുടർന്ന് പ്രതിഷേധവും നടന്നു.