ഐസിസി പേരിന് മാത്രം; ശരിയായ സമിതിയുണ്ടെങ്കിലേ സിനിമാ നിര്‍മാണത്തിന് അനുമതി നല്‍കാവൂ: പി. സതീദേവി

കൊച്ചി: സംസ്ഥാനത്ത് ഹൈക്കോടതി പറഞ്ഞിട്ടും പല സിനിമാ യൂണിറ്റുകളിലും പരാതി പരിഹാര സെല്‍ ഇല്ലയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.

‘ഒരു ലോക്കേഷനില്‍ ഐ സി സി തലവനായി നിയമിച്ചത് പുരുഷനെ. പലയിടങ്ങളിലും ഐ സി സി പേരിന് മാത്രമാണുള്ളത്. ശരിയായ പരാതി പരിഹാര സമിതിയുണ്ടെങ്കിലേ സിനിമാ നിര്‍മാണത്തിന് അനുമതി നല്‍കാവൂ. വനിതകളായിരിക്കണം തലപ്പത്ത് എന്ന് നിയമം പറയുമ്‌ബോള്‍ അതിന് വ്യത്യസ്തമായി ഐ സി സി രൂപീകരിച്ചിട്ട് എന്താണ് പ്രയോജനം’- സതീദേവി ചോദിച്ചു.

അതേസമയം, കേരളത്തില്‍ സ്ത്രീസുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് അവര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടത്തിന്റെ വേദികളാവുന്നു. പാര്‍ട്ടികളില്‍ ആണും പെണ്ണും ഒന്നിച്ചു ചേര്‍ന്ന് മദ്യപിക്കുകയും തെറ്റായ തലങ്ങളിലേക്ക് പോവുകയും ചെയ്യുന്നു. പൊലീസ് ഇടപെടല്‍ വേണം. സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പൊലീസിനാവണം. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്’- സതീദേവി ചൂണ്ടിക്കാട്ടിയിരുന്നു.