സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ല; വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരക്കാർക്ക് പിന്തുണയുമായി കേരള കോൺഗ്രസ് എം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരക്കാർക്ക് പിന്തുണയുമായി കേരള കോൺഗ്രസ് എം. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്ന് ജോസ് കെ മാണി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

എടുത്ത അഞ്ചു തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമായ സംഭവമാണെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്.

അതേസമയം, വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവതരവും, അപലപനീയവുമാണ്. സമരം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങൾ കുത്തിപ്പൊക്കി കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവർത്തനങ്ങളിലേർപ്പെടുകയാണ്. പൊലീസ് സ്റ്റേഷൻ തന്നെ തകർക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.