സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ നൽകി ബി ജെ പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. കേന്ദ്ര നയങ്ങൾക്കൊപ്പം സുപ്രീംകോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ടതിനാണ് മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്ക് അദ്ദേഹം അപേക്ഷ നൽകിയത്. അറ്റോർണി ജനറലിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സുപ്രീം കോടതിയിൽ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ കഴിയൂ.

നവംബർ പതിനെട്ടാം തീയതി കൊച്ചിയിൽ വെച്ചാണ് മന്ത്രി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരേ വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ അഭിപ്രായപ്രകടനം സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്നാണ് അപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ളത്.

സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് വേണം വിധിയിലൂടെ മനസ്സിലാക്കാനെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് നമ്മുടെ ബഹുസ്വരതയെ തകർക്കും. കേന്ദ്ര സർക്കാരിന്റെ ഈ നയത്തിനൊപ്പം ചേർന്നു നിൽക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും ബിന്ദു പറഞ്ഞിരുന്നു.