തൊടുപുഴ: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍ താനല്ലെന്ന് വ്യക്തമാക്കി എം.എം. മണി എംഎല്‍എ. ‘നോട്ടീസിനു പിന്നില്‍ ഞാനാണെന്നു പറയുന്നത് അസംബന്ധമാണ്. അത് എന്റെ പണിയല്ല. രാജേന്ദ്രന്‍ ഭൂമി കയ്യേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎല്‍എ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്നു തീരുമാനിക്കേണ്ടതും റവന്യു വകുപ്പാണ്’- മണി ചൂണ്ടിക്കാട്ടി.
അതേസമയം, നോട്ടീസിനു പിന്നില്‍ എം.എം മണിയാണെന്നാണ് രാജേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നത്. ‘എം.എം.മണിയുടെ നേതൃത്വത്തില്‍ എന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കല്‍ നോട്ടിസ്. മൂന്നാറില്‍നിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുന്‍പ് എം.എം.മണി പൊതുവേദിയില്‍ ആഹ്വാനം ചെയ്തിരുന്നു. ഇക്കാനഗറിലെ 60 കുടുംബങ്ങള്‍ക്ക് ഭൂരേഖകള്‍ ഹാജരാക്കാന്‍ റവന്യു വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. അതില്‍ എന്റെ പേരുമുണ്ട്. 29നാണു ഹിയറിങ്. അതിനു മുന്‍പ് എന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടിസ് നല്‍കിയിരിക്കുന്നത്. അതിനെ നിയമപരമായി നേരിടും’- എന്നായിരുന്നു രാജേന്ദ്രന്റെ പരാമര്‍ശം.
മൂന്നാര്‍ ഇക്കനഗറിലെ 8 സെന്റ് സ്ഥലത്താണു രാജേന്ദ്രന്‍ വീടുവച്ച് കുടുംബമായി താമസിക്കുന്നത്. വീട് പുറമ്പോക്കില്‍ നിര്‍മിച്ചതാണെന്നും സ്ഥലം ഒഴിയണമെന്നും വില്ലേജ് ഓഫിസറാണ് നോട്ടീസ് നല്‍കിയത്. ഏഴു ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസ്. എന്നാല്‍, ഒഴിപ്പിക്കല്‍ ഉടന്‍ ഉണ്ടാവില്ലെന്ന് ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു.

