വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; ആരോപണവുമായി സമര സമിതിയും പെൺകുട്ടികളുടെ അമ്മയും

തിരുവനന്തപുരം: വാളയാർ കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുമായി സമര സമിതി. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ സഹോദരിമാർ മരിച്ച കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് സമരസമിതി ആരോപിക്കുന്നത്. അഡ്വ അനൂപ് കെ ആന്റണിയെ പ്രോസിക്യൂട്ടറായി നിയമിച്ചതിൽ ആശങ്കയുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഈ പ്രോസിക്യൂട്ടറിൽ നിന്ന് കുടുംബത്തിന് നീതി കിട്ടില്ലെന്നും പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവർ വെളിപ്പെടുത്തി. അഡ്വ അനൂപ് ആന്റണിയെ വാളയാർ കേസിലെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത് ഈ മാസം രണ്ടിനാണ്. ആദ്യ സിബിഐ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻമേൽ നിരവധി തവണ കോടതി നടപടികൾ ഉണ്ടായിട്ടും ഹാജരാകാതിരുന്ന പ്രോസിക്യൂട്ടറാണ് അനൂപ് ആന്റണി. ഇദ്ദേഹം തന്നെ ഈ സ്ഥാനത്തേക്ക് വീണ്ടുമെത്തുന്നതാണ് കുടുംബത്തിന്റെ ആശങ്ക.

പെൺകുട്ടികൾ അപമാനഭാരത്താൽ ആത്മഹത്യ ചെയ്തുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അതേപടി പ്രോസിക്യൂട്ടർ സിബിഐക്ക് വേണ്ടി കോടതിയിൽ സമർപ്പിച്ചെന്നും, ഈ പ്രോസിക്യൂട്ടറിൽ നിന്ന് കുടുംബത്തിന് നീതി കിട്ടില്ലെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ചൂണ്ടിക്കാട്ടുന്നു.