തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ചീഫ് സെക്രട്ടറി. അഡീഷണല്‍ സെക്രട്ടറിമാരായ പി ഹണി, ഷൈനി, സെക്ഷന്‍ ഓഫീസര്‍മാരായ ജി. ശിവകുമാര്‍, ഇ. നാസര്‍, കെ. എന്‍ അശോക് കുമാര്‍, ഐ. കവിത, ഓഫീസ് അറ്റന്‍ഡന്റ് കല്ലുവിള അജിത് എന്നിവര്‍ക്കെതിരെയാണ് പരാതി.
അതേസമയം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു മുമ്പ് ബിജെപി നേതാക്കള്‍ ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തു നടപടി സ്വീകരിച്ചു എന്നാണ് രാജ്ഭവന്റെ ചോദ്യം. രാജ്ഭവന്റെ കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ചീഫ് സെക്രട്ടറി വി പി ജോയ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് പൊതുഭരണ, ധന സെക്രട്ടറിമാര്‍ ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. വിശദീകരണം ലഭിച്ച ശേഷം സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കു നല്‍കും. ഇതു ക്രോഡീകരിച്ച് രാജ്ഭവനെ ചീഫ് സെക്രട്ടറി അറിയിക്കും.
നവംബര്‍ 15ന് നടന്ന സമരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പേരും അവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ ബിജെപി ജില്ലാ പ്രസിഡന്റ് വി. വി രാജേഷ് പരാതി നല്‍കുകയായിരുന്നു. എന്നാല്‍, രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ‘എന്റെ ശ്രദ്ധ അതിലും വലിയ വിഷയമായ സര്‍വകലാശാലകളുടെ കാര്യത്തിലാണ്. മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടും അനധികൃത ഇടപെടല്‍ തുടര്‍ന്നപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. കോടതി ഉത്തരവുകളുടെ വെളിച്ചത്തില്‍ സര്‍വകലാശാലകളെ രക്ഷിക്കാനാകുമെന്ന പ്രത്യാശയുണ്ട്. നിയമസഭ പാസാക്കിയ നിയമപ്രകാരം ചാന്‍സലറായ ഗവര്‍ണര്‍ക്കാണ് സര്‍വകലാശാലകളില്‍ അധികാരം. ലക്ഷ്മണരേഖ പാലിക്കാന്‍ എല്ലാവരും തയാറാകണം’- ഗവര്‍ണര്‍ വ്യക്തമാക്കി.

