എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ; പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ എസ്എസ്എൽസി പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 10 ന് തുടങ്ങി 30 ന് അവസാനിക്കും. ഹയർസെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും വി.എച്ച്.എസ്.ഇ രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25 നും തുടങ്ങും.

പരീക്ഷകൾ രാവിലെ 9.30 ന് തുടങ്ങും. ഉച്ചയ്ക്ക് ശേഷം പരീക്ഷ ഉണ്ടായിരിക്കില്ല. രണ്ട് പരീക്ഷകൾക്കിടയിൽ ഒന്നര ദിവസത്തെ ഇടവേളയുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്എസ്എൽസി മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27 ന് തുടങ്ങി മാർച്ച് 3 ന് അവസാനിക്കും. ആകെ 4.5 ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പൊതുപരീക്ഷ എഴുതുക. മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങി മെയ് 10 നുള്ളിൽ ഫലപ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 9,762 അധ്യാപകർ മൂല്യനിർണയം നടത്തും.

ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27 ന് തുടങ്ങി മാർച്ച് 3 ന് അവസാനിക്കും. ആകെ ഒൻപത് ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് ഇത്തവണ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷ എഴുതുക. 60,000 വി.എച്ച്.എസ്.ഇ വിദ്യാർഥികളും പരീക്ഷയെഴുതും. രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങി മെയ് 25 നുള്ളിൽ ഫലം പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ 82 ക്യാമ്പുകളിലായി 24,000 അധ്യാപകരും വി.എച്ച്.എസ്.ഇയിൽ എട്ട് ക്യാമ്പുകളിലായി 3,500 അധ്യാപകരും മൂല്യനിർണയം നടത്തും.

പരീക്ഷക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൊതുവിദ്യാഭ്യാസ വകുപ്പ് മികച്ച രീതിയിൽ പൂർത്തിയാക്കിയതിന്റെ തെളിവാണ് നേരത്തെ തന്നെ പരീക്ഷാ തീയ്യതികൾ പ്രഖ്യാപിക്കാനായതെന്നു മന്ത്രി പറഞ്ഞു.

കോവിഡ് മൂലം മുടങ്ങിയ ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള പുതിയ രീതിയിലുള്ള പരിശീലന പരിപാടി ഡിസംബറിൽ തുടങ്ങും. ഒരു മാസം നീളുന്ന റസിഡൻഷ്യൽ പരിശീലനം ഗവേഷണ സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലാ വകുപ്പുകൾ എന്നിവിടങ്ങളിൽ ആയിരിക്കും.

ബോഡി ഷേമിങ്ങിനെതിരെ സ്‌കൂളുകളിൽ ബോധവൽക്കരണ പ്രവർത്തനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബോഡി ഷേമിങ്ങ് ഭയന്ന് സ്‌കൂളിലേക്ക് വരാൻ മടിക്കുന്ന വിദ്യാർഥികളുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദേശീയ സെമിനാർ സംഘടിപ്പിക്കും.

എല്ലാ സ്‌കൂളുകളിലും പച്ചക്കറിത്തോട്ടം പദ്ധതി ജനുവരി 10 നുള്ളിൽ യാഥാർഥ്യമാക്കണമെന്ന് മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു. എല്ലാ സ്‌കൂളുകളിലും പി.ടി.എ, മദർ പി.ടി.എ കമ്മിറ്റികൾ നിലവിൽ വരണം. ചില സ്‌കൂളുകളിലെങ്കിലും പഴയ കമ്മിറ്റികളാണ് തുടരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ 2500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തിയതായി മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു എന്നിവരും പങ്കെടുത്തു.