ആതിഥേയര്‍ക്കെതിരെ തകര്‍പ്പന്‍ ജയവുമായി സെനഗല്‍

ദോഹ: ലോകകപ്പില്‍ ആതിഥേയരായ ഖത്തറിനെതിരെ സെനഗലിന് വമ്പന്‍ ജയം. അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സെനഗളിന്റെ വിജയം. ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ഗോള്‍ നേടാനായി എന്നതാണ് ഈ മത്സരത്തിലെ ഖത്തറിന്റെ നേട്ടം.

നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ ഡിയയാണ് സെനഗലിന്റെ ആദ്യ ഗോള്‍ നേടിയത്. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ ഫമാറയിലൂടെ സെനഗല്‍ ലീഡുയര്‍ത്തി. എഴുപത്തിയെട്ടാം മിനിറ്റില്‍, സെനഗല്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മുഹമ്മദ് മുണ്ടാരിയാണ് ഖത്തറിന്റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ നേടിയത്.

എണ്‍പത്തിനാലാം മിനിറ്റില്‍ ബംബാ ദിയെംഗ് സെനഗലിന്റെ മൂന്നാം ഗോള്‍ നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ, 2022 ലോകകപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി ഖത്തര്‍. ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനോടും ഖത്തര്‍ പരാജയപ്പെട്ടിരുന്നു.