തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഒപ്പിടാതെ മടക്കി അയച്ചു. ഓര്‍ഡിനന്‍സിന് പകരം സഭാസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഓര്‍ഡിനന്‍സ് ആയാലും ബില്‍ ആയാലും ഒപ്പിടില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. തന്നെ മാത്രം ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണം ആണെങ്കില്‍ രാഷ്ട്രപതിയ്ക്ക് അയക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ചാന്‍സലറായിരിക്കും എന്ന സര്‍വകലാശാല നിയമത്തിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തിരുന്നത്. കേരള, കാലിക്കറ്റ്, കണ്ണൂര്‍, എംജി, സംസ്‌കൃതം സര്‍വകലാശാലകളില്‍ ഒരു ചാന്‍സലര്‍ക്ക് ചുമതല നല്‍കും. കുസാറ്റ്, സാങ്കേതിക സര്‍വ്വകലാശാല, ഡിജിറ്റല്‍ സര്‍വ്വകലാശാല എന്നിവയില്‍ മറ്റൊരാള്‍ക്ക് ചുമതല. ആരോഗ്യ സര്‍വ്വകലാശാലയിലും, ഫിഷറീസ് സര്‍വകലാശാലയിലും പ്രത്യേകം ചാന്‍സലര്‍മാര്‍ ഇതായിരുന്നു ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിട്ടത്.

