പമ്പ: ശബരിമല തീർത്ഥാടനപാതയിൽ കൂടുതൽ സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കും. ഭക്ഷ്യ, പൊതുവിതരണ വകുപ്പുമന്ത്രി അഡ്വ. ജി ആർ അനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പമ്പയിൽ ചേർന്ന അവലോകനയോഗത്തിൽ ഭക്ഷ്യവകുപ്പ് നടത്തിയ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിലവിവരപ്പട്ടിക എല്ലാ വ്യാപാരസ്ഥാപനങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതേവിലയ്ക്കാണോ വിൽപ്പന നടത്തുന്നതെന്നും ഉറപ്പാക്കാൻ പരിശോധനകൾ നടത്തും. ഉത്പന്നങ്ങളുടെ എക്സ്പയറി ഡേറ്റ്, ഗുണനിലവാരം എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വിശദമാക്കി. എം.എൽ.എ.മാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ.യു.ജനീഷ്കുമാർ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ശബരിമല എ.ഡി.എം. ടി.ജി.ഗോപകുമാർ, ജില്ലാ സപ്ലൈ ഓഫീസർമാരായ എം.അനിൽ, അനിൽകുമാർ, വി.ജയപ്രകാശ് തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
അതേസമയം, ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അഭ്യർത്ഥിച്ചത്. ശബരിമലയുടെ പ്രകൃതിഭംഗിയും, പച്ചപ്പും അതേ രീതിയിൽ നിലനിർത്തുകയും, ആ പ്രദേശത്തിന്റെ ഹരിതഭംഗിക്ക് പോറലേൽപ്പിക്കാതിരിക്കുകയും ചെയ്യുക എന്നത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്വം തന്നെയാണെന്ന് മന്ത്രി പറഞ്ഞു.
ഒരു തീർതഥാടനകാലത്തിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയിൽ ദർശനത്തിനെത്തുന്നത്. ഇത്രയും പേരെ ഉൾക്കൊള്ളുമ്പോഴുണ്ടാകുന്ന മാലിന്യങ്ങൾ ഒരുകാരണവശാലും ശബരിമലയുടെ ജൈവികവ്യവസ്ഥയെ ദോഷകരമായി ബാധിക്കുവാൻ പാടില്ല എന്നതിനാൽ ഇത്തവണയും മണ്ഡലകാലത്തിൽ ഹരിത പ്രോട്ടോകോൾ കർശനമായി നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ശബരിമലയിൽ എത്തുന്ന ഭക്തന്മാർ അവിടേക്ക് പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. കുടിവെള്ളത്തിനായി പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം മറ്റു കുപ്പികൾ ഉപയോഗിക്കുവാനും, പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം തുണി സഞ്ചിയോ, പേപ്പർ ബാഗോ ഉപയോഗിക്കുവാനും , പമ്പ നദിയിൽ തുണികളും, പ്ലാസ്റ്റിക് വസ്തുക്കളും വലിച്ചെറിയുന്നത് ഒഴിവാക്കുവാനും അദ്ദേഹം അഭ്യർത്ഥിച്ചു.

