ഓറഞ്ച് പ്രേമികളുടെ ശ്രദ്ധയ്ക്ക്….

ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് ഓറഞ്ച്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുന്നു. ഇത് അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

വിറ്റാമിൻ ബി 6 കൊണ്ട് സമ്പുഷ്ടമായ ഓറഞ്ച് ഹീമോഗ്ലോബിൻ ഉത്പാദനത്തെ സഹായിക്കുകയും മഗ്‌നീഷ്യത്തിന്റെ സാന്നിധ്യം മൂലം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഓറഞ്ചിൽ ഡി-ലിമോണീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ അർബുദം, ത്വക്ക് കാൻസർ, സ്തനാർബുദം എന്നിവ തടയും. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഓറഞ്ച് ശീലമാക്കുന്നത് ഗുണകരമാണ്. വിശപ്പ് അകറ്റുവാനും കലോറി ഇല്ലാതെ ശരിയായ എല്ലാ പോഷകങ്ങളും നേടാനും ഓറഞ്ച് സഹായിക്കും. സൗന്ദര്യം വർധിപ്പിക്കാനും ഓറഞ്ച് ഫലപ്രദമാണ്.

ഓറഞ്ചിൽ ചർമ്മത്തെ പോഷിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ മൃദുവും മനോഹരവുമാക്കും. മുഖക്കുരു കുറയ്ക്കുന്നതിനും നിർജ്ജീവ ചർമ്മത്തെ പുറംതള്ളുന്നതിനും ഓറഞ്ചിൽ അടങ്ങിയ സിട്രിക് ആസിഡ് സഹായിക്കുന്നു.