കൊല്ലം: പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശോധന കർശനമാക്കും. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം ജില്ലയിലെ റോഡുകളിലെ പരിശോധനയ്ക്കും അവലോകന യോഗത്തിനും ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ചിലയിടങ്ങളിൽ റോഡ് നിർമാണത്തിൽ ഗുണനിലവാരം കുറയുന്ന അവസ്ഥയുണ്ട്. നിർമ്മാണ സാമഗ്രികളുടെയും, പ്രവൃത്തിയുടെയും ഗുണനിലവാരം സഞ്ചരിച്ച് പരിശോധിക്കാനാകുന്ന മൊബൈൽ ക്വാളിറ്റി ലാബുകൾ അടുത്തവർഷം ആദ്യംതന്നെ സജ്ജമാക്കും. പൊതുമരാമത്ത് കെട്ടിട നിർമാണത്തിൽ കോമ്പോസിറ്റ് ടെൻഡർ കൊല്ലത്ത് നടപ്പാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് മേഖലകളിൽ മൂന്ന് മൊബൈൽ ക്വാളിറ്റി ലാബുകൾ ആദ്യ ഘട്ടത്തിൽ സജ്ജമാക്കും. 2023 തുടക്കത്തിൽ തന്നെ ക്വാളിറ്റി ലാബുകൾ പ്രവർത്തനം ആരംഭിക്കും. പിന്നീട് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ഗുണനിലവാര പരിശോധനയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ലാബുകൾ ആയിരിക്കും സജ്ജമാക്കുക. അതിനായി കെഎച്ച്ആർ1-ന്റെ ലാബ് ഉപയോഗിക്കും. കൊല്ലം ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. പത്തും പന്ത്രണ്ടും വർഷമായി പുരോഗതിയില്ലാത്ത പ്രവർത്തികൾ ഉൾപ്പെടുന്നുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ഇതിൽ തുടർനടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

