ശശി തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കെപിസിസി

തിരുവനന്തപുരം: ശശി തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കെപിസിസി. കോൺഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്ന നിർദ്ദേശമാണ് കെപിസിസി മുന്നോട്ടുവെച്ചിട്ടുള്ളത്. വാർത്താക്കുറിപ്പിലൂടെയാണ് ശശി തരൂർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന് പ്രചാരണം ശരിയല്ല. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ടെന്നും കെപിസിസി ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പ്രവർത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നിർദ്ദേശിച്ചിട്ടുള്ളത്. ആഭ്യന്തര ജനാധിപത്യം പൂർണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. പരസ്യ പ്രതികരണം പാർട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂർ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തിൽ കോൺഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തികളിൽ നിന്നും നേതാക്കൾ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ ഒരു തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.