തിരുവനന്തപുരം: ശശി തരൂർ വിഷയത്തിൽ എ കെ രാഘവൻ പരാതിക്കാരനാവുന്നത് ശരിയല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പരാതിയുമായി എ കെ രാഘവൻ എം പി മുന്നോട്ട് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിൽ 14 ജില്ലകളിലും ജില്ലാ കോൺഗ്രസ് കമ്മിറ്റികളുണ്ട്. ശശി തരൂരിന് പരിപാടിയിൽ പങ്കെടുക്കണമെന്ന് താൽപ്പര്യമുണ്ടെങ്കിൽ അവരെ അറിയിച്ചാൽ അവർ സ്വീകരിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി തരൂരിന്റെ പരിപാടി റദ്ദാക്കിയത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അന്വേഷിക്കണമെന്നും എം കെ രാഘവൻ ആവശ്യപ്പെട്ടിരുന്നു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂർ വിഷയത്തിൽ ഡിസിസി പ്രസിഡന്റിനെ തള്ളിയാണ് എം കെ രാഘവന്റെ പരാമർശം.
ഡിസിസി അധ്യക്ഷനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. ഇത് താൻ ഒറ്റയ്ക്ക് സംഘടിപ്പിച്ച പരിപാടി അല്ല. ഈ വിഷയത്തിൽ അന്വേഷണ കമ്മീഷനെ വെയ്ക്കണം. എല്ലാ വിവരങ്ങളും കമ്മീഷന് മുന്നിൽ വ്യക്തമാക്കും. ഇത് വളറെ ഗൗരവമുള്ള വിഷമായി കെപിസിസി അന്വേഷിക്കണം. പരിപാടി റദ്ദാക്കിയതിൽ ഏറെ ദുഃഖമുണ്ട്. യൂത്ത് കോൺഗ്രസ് പരിപാടി റദ്ദാക്കിയപ്പോഴാണ് ജവഹർ യൂത്ത് ഫൗണ്ടേഷനെ താൻ സമീപിച്ചത്. ഇന്ത്യയിൽ നരേന്ദ്രമോദിക്കെതിരെ ശക്തമായി സംസാരിക്കുന്ന വ്യക്തിയാണ് ശശി തരൂരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

