ശബരിമല തീര്‍ഥാടനം: നിലയ്ക്കല്‍ മുതല്‍ പമ്പവരെ റോഡരികില്‍ പാര്‍ക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല തീര്‍ഥാടനകാലത്ത് വാഹനങ്ങള്‍ നിലയ്ക്കല്‍ മുതല്‍ പമ്പവരെയുള്ള റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ മുദ്രവെച്ച വാഹനങ്ങള്‍ക്കും ഇത് ബാധകമാണെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. സ്വമേധയ പരിഗണിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

അതേസമയം, 15 സീറ്റുകളുള്ള വാഹനങ്ങള്‍ക്ക് തീര്‍ഥാടകരെ ഇറക്കാനായി പമ്പവരെ പോകാം. എന്നാല്‍, പമ്പയില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത്. മോട്ടോര്‍ വാഹനനിയമം പാലിക്കാതെ വലിയതോതില്‍ അലങ്കരിച്ച വാഹനങ്ങളില്‍ ശബരിമല യാത്ര നടത്തരുത്, ചരക്കു വണ്ടികളില്‍ യാത്ര അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നു. പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റും നടപടി സ്വീകരിക്കണമെന്നും അറിയിച്ചു.

ശൗചാലയങ്ങളുടെ പരിപാലനം ലേലം പോയിട്ടില്ലെങ്കില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ സഹായത്തോടെ ദിവസവും വൃത്തിയാക്കി സൗജന്യമായി ഉപയോഗിക്കാനായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ ഒരുക്കിയ സൗകര്യങ്ങള്‍ വിശദീകരിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.