രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. വിവിധ ചെലവുകൾക്കായി വിനിയോഗിക്കാൻ വേണ്ടിയാണ് സർക്കാർ തുക അനുവദിച്ചത്. വൈദ്യുതി കുടിശിക, ഗതാഗതം എന്നീ ചെലവുകൾക്കായാണ് തുക അനുവദിച്ചത്. പെട്രോൾ ഇനത്തിൽ അഞ്ച് ലക്ഷം രൂപയും വൈദ്യുത ബില്ലിനത്തിൽ അഞ്ച് ലക്ഷം രൂപയും അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകിയിരുന്നു. തുടർന്നാണ് സർക്കാർ നടപടി.

അതേസമയം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിലും ഇടപെടലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഗവർണർ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം വിഷയം ദേശീയ തലത്തിൽ അടക്കം ഉയർത്തുമെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. നടക്കുന്നത് തട്ടിപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമത്തെ കൊഞ്ഞനം കാട്ടുകയാണെന്നും യുവാക്കൾ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത് പാർട്ടി പ്രവർത്തകർക്കാണ്. സാധാരണക്കാർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കാൻ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ചോദിക്കുന്നു.

25-ഓളം പേരെ ഓരോ മന്ത്രിമാരും പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുന്നു. രണ്ട് വർഷത്തിനുശേഷം അവരോട് രാജിവെക്കാൻ നിർദ്ദേശിക്കുന്നു. അവർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. തട്ടിപ്പാണ് നടക്കുന്നത്. അത് നിർത്തലാക്കാൻ തനിക്ക് നിർദേശിക്കാനാകില്ലെന്നും എന്നാൽ ഇത് ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളിൽ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.