ഓടുന്ന വാഹനത്തിൽവെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നീതി ഉറപ്പാക്കുമെന്ന് വനിതാ കമ്മിഷൻ

കൊച്ചി: കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. അന്വേഷണം ഊർജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറോട് നേരിട്ട് ആവശ്യപ്പെടുമെന്ന് സതീദേവി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പത്തൊമ്പതുകാരിയായ പെൺകുട്ടിയെയാണ് മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ നാലുപേർ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളും രാജസ്ഥാൻ സ്വദേശിയായ ഒരു യുവതിയുമാണ് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലുള്ളത്.

അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജും വ്യക്തമാക്കി. സംഭവം ഞെട്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.