ദോഹ: ഖത്തറിലെത്തുന്ന വനിതാ ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ഫിഫ. വസ്ത്ര ധാരണത്തില്‍ ഉള്‍പ്പെടെ ഖത്തറിലെ നിയമങ്ങള്‍ പാലിക്കണമെന്ന് ഫിഫ നിര്‍ദ്ദേശിച്ചു. സന്ദര്‍ശകര്‍ക്കുളള നിര്‍ദ്ദേശങ്ങളിലാണ് ഫിഫ ഇക്കാര്യം വ്യക്തമാക്കിയത്.
വനിതാ ആരാധകര്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാനുളള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അത് ഖത്തറിലെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലാകരുതെന്ന് ഫിഫ വെബ്സൈറ്റില്‍ പറയുന്നു. ശരീരഭാഗങ്ങള്‍ പുറത്തുകാണിക്കുന്ന വസ്ത്രങ്ങള്‍ അരുതെന്നും മുന്നറിയിപ്പുണ്ട്. മ്യൂസിയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നവര്‍ തോളും വയറും തുടഭാഗങ്ങളുമൊക്കെ മറയ്ക്കുന്ന വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. ഹോട്ടല്‍ ബീച്ചുകളിലും നീന്തല്‍കുളങ്ങളിലും സ്വിംസ്യൂട്ടുകള്‍ ധരിക്കാന്‍ അനുവാദം ഉണ്ട്. കളി കാണുന്ന ആരാധകര്‍ ആവേശം മൂത്ത് ഷര്‍ട്ടും വസ്ത്രങ്ങളും ഊരി എറിയുന്നതിനും വിലക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറിലെ നിയമങ്ങള്‍ വിദേശികള്‍ക്കായി പ്രത്യേക വസ്ത്രധാരണ രീതി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഷോര്‍ട്സുകളും മിനി സ്കര്‍ട്ടുകളും ടാങ്ക് ടോപ്പുകളും വനിതാ ആരാധകര്‍ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
ലോകരാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ വരും ദിവസങ്ങളില്‍ ഖത്തറിലെത്തും. വിവിധ ലോകരാജ്യങ്ങള്‍ അവരുടെ എംബസികള്‍ വഴി ഫുട്ബോള്‍ ആരാധകര്‍ക്ക് ഡ്രസ് കോഡില്‍ ഉള്‍പ്പെടെ നിര്‍ദ്ദേശം നല്കി തുടങ്ങിയിട്ടുണ്ട്. ഹിജാബ് പോലുളളവ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും പ്രാദേശിക ഡ്രസ് കോഡ് പാലിക്കണമെന്ന് ഖത്തറിലെ ബ്രിട്ടീഷ് എംബസി നിര്‍ദ്ദേശിച്ചു. ഷോര്‍ട്സുകളും സ്കര്‍ട്ടുകളും കാല്‍മുട്ടിന് താഴെ വരെ എത്തുന്നത് വേണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

