പനാജി: നവംബര്‍ 20 മുതല്‍ 28വരെ ഗോവയില്‍ നടക്കുന്ന 53-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.ഐ) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡീറ്റര്‍ ബെര്‍ണര്‍ സംവിധാനം ചെയ്ത ഓസ്ട്രിയന്‍ ചിത്രം അല്‍മ ആന്‍ഡ് ഓസ്‌കറാണ് ഉദ്ഘാടന ചിത്രം, സമാപന ചിത്രം ക്രിസ്റ്റോഫ് സനൂസിയുടെ പെര്‍ഫെക്റ്റ് നമ്ബര്‍. സിനിമയ്ക്ക് നല്‍കിയ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് ചലച്ചിത്രകാരന്‍ കാര്‍ലോസ് സൗറയ്ക്കു നല്‍കും.
79 രാജ്യങ്ങളില്‍ നിന്നായി 280 ചലച്ചിത്രങ്ങളാണ് ഇക്കൊല്ലം പ്രദര്‍ശിപ്പിക്കുന്നത്. ‘ഇന്ത്യന്‍ പനോരമ’യില്‍ 25 ഫീച്ചര്‍, 20 നോണ്‍ ഫീച്ചര്‍ സിനിമകളും അന്താരാഷ്ട്രവിഭാഗത്തില്‍ 183 സിനിമകളുമുണ്ടാകും. കണ്‍ട്രി ഫോക്കസ് ആയി 8 ഫ്രഞ്ച് സിനിമകളും ‘ഇന്ത്യന്‍ റീസ്റ്റോര്‍ഡ് ക്ലാസിക്‌സ്’ വിഭാഗത്തില്‍ എന്‍.എഫ്.എ.ഐയില്‍ നിന്നുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരജേതാവ് ആശ പരേഖിന്റെ ചിത്രങ്ങളുടെ ‘ആശ പരേഖ് റെട്രോസ്‌പെക്റ്റീവ്’, 15 ഇന്ത്യന്‍ സിനിമകളും അഞ്ച് അന്താരാഷ്ട്ര സിനിമകളും ഉള്‍പ്പെട്ട ‘ഹോമേജ്’ വിഭാഗം, 5 ഫീച്ചര്‍ സിനിമകളും 5 നോണ്‍ ഫീച്ചര്‍ സിനിമകളും അടങ്ങിയ ‘വടക്കുകിഴക്ക് ഇന്ത്യ’ തുടങ്ങിയവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. സത്യജിത് റേ പുരസ്‌കാര ജേതാവ് സ്പാനിഷ് ചലച്ചിത്രകാരന്‍ കാര്‍ലോസ് സൗറയെ മേളയില്‍ ആദരിക്കും. കാര്‍ലോസിന്റെ എട്ടു സിനിമകളുടെ റെട്രോസ്‌പെക്ടീവുമുണ്ട്.
പൃഥ്വി കോണനൂരിന്റെ കന്നഡ ചിത്രം ഹഡിനെലന്തു (ഇന്ത്യന്‍ പനോരമ), ദിവ്യ കോവാസ്ജിയുടെ ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍'(കഥേതര സിനിമാ), ഓസ്‌കറിലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ പാന്‍ നളിന്റെ ‘ചെല്ലോ ഷോ-ദി ലാസ്റ്റ് ഫിലിം ഷോ’, മധുര്‍ ഭണ്ഡാര്‍ക്കറുടെ ‘ഇന്ത്യ ലോക്ക്ഡൗണ്‍’ എന്നിവയും മേളയില്‍ കാണാം. പരേഷ് റാവലിന്റെ ദി സ്റ്റോറിടെല്ലര്‍, മലയാള ചിത്രം ദൃശ്യം-2വിന്റെ അജയ് ദേവഗന്‍ അഭിനയിച്ച ഹിന്ദിപതിപ്പ്, വരുണ്‍ ധവാനും കൃതി സനോണും അഭിനയിച്ച ഭേദിയ, യാമി ഗൗതമിന്റെ ലോസ്റ്റ് തുടങ്ങിയയുടെയും ചില ഒ.ടി.ടി പ്‌ളാറ്റ്‌ഫോം ഷോകളുടെ ആദ്യപ്രദര്‍ശനവുമുണ്ടാകും. മേളയുടെ ഭാഗമായി ഇക്കുറി ഗോവയിലുടനീളം കാരവനുകളില്‍ സിനിമാ പ്രദര്‍ശനമുണ്ടാകും. കടല്‍ത്തീരത്ത് തുറന്നവേദിയിലും ചലച്ചിത്ര പ്രദര്‍ശനമൊരുക്കും.

