ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്ത ഗോപനും സന്നിധാനത്തുണ്ടായിരുന്നു. വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട തുറന്നത്.
ശബരിമലയിൽ വലിയ ഇപ്പോൾ അനുഭവപ്പെടുന്നത്. വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ആദ്യ ദിവസങ്ങളിൽ തന്നെ 60000 ത്തോളമാണ്. അവധി ദിവസങ്ങളിൽ ഇത് 80000 ന് മുകളിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് തീർത്ഥാടനകാലവും നിയന്ത്രണങ്ങളോടെയായിരുന്നു. നിയന്ത്രണങ്ങളൊഴിവാക്കിയുള്ള തീർത്ഥാടന കാലമായമായതിനാൽ ഇത്തവണ ഭക്തജന തിരക്ക് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ ശബരിമലയിൽ നടന്നു. കണ്ണൂർ തളിപ്പറമ്പ് കീഴുത്രം കെ ജയരാമൻ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേൽശാന്തി. കോട്ടയം വൈക്കം ഇണ്ഡൻതുരുത്തി മനയിലെ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറത്തെ മേൽശാന്തി. മേൽശാന്തിമാർ 18ാം പടി കടന്ന് എത്തി. പതിനെട്ടാം പടിയിൽ വച്ച് നിലവിലെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ഇവരെ കൈപിടിച്ച് കയറ്റി. അതിന് ശേഷം കലശാഭിഷേകവും സ്ഥാനാരോഹണവും നടന്നു.

