നേതാക്കളുടെ പിന്തുണ; സുധാകരന്റെ പ്രസ്താവനാ വിവാദം അവസാനിപ്പിച്ച് ലീഗും കോണ്‍ഗ്രസും

മലപ്പുറം: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വിവാദ പ്രസ്താവനകള്‍ കോണ്‍ഗ്രസ് ഗൗരവമായാണ് കാണുന്നതെന്നും നേതാക്കളുടെ ഇടപെടലില്‍ തൃപ്തിയുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കിയതോടെ വിവാദം മുന്നണി അവസാനിപ്പിച്ച മട്ടാണ്. ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സ് എതിര്‍ക്കുമെന്ന വി.ഡി സതീശന്റെ പ്രഖ്യാപനം കോണ്‍ഗ്രസിന്റെ തീരുമാനമാണ്. വിഷയത്തില്‍ ലീഗ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പി.എം.എ സലാം വ്യക്തമാക്കിയിരുന്നു. സുധാകരന്റെ വിവാദ പ്രസ്താവനയില്‍ കെ. മുരളീധരനടക്കമുള്ള നേതാക്കള്‍ തിരുത്തല്‍ ആവശ്യപ്പെട്ടു രംഗത്തുവന്നെങ്കിലും ചെന്നിത്തല സുധാകരനെ പിന്തുണക്കുകയായിരുന്നു. സുധാകരന്റേത് നാക്ക് പിഴയെന്ന് വിശദീകരിച്ചതോടെ പ്രശ്നം തീര്‍ന്നുവെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല വിഷയം തീര്‍ക്കുകയായിരുന്നു.

അതേസമയം, കെ സുധാകരന്റെ രാജി സന്നദ്ധതാ കത്ത് വിവാദത്തിന് പിന്നില്‍ ആരെന്ന് ഇനിയും വ്യക്തമല്ല. കത്തയച്ചിട്ടില്ലെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു. സുധാകരന്റെ സ്ഥാനത്തേക്ക് കെ.മുരളീധരന്റേയും ചെന്നിത്തലയുടേയും പേര് ഉയരുന്നുവെങ്കിലും സാമുദായിക സമവാക്യം വിലങ്ങുതടിയാണ്. കൊടിക്കുന്നില്‍ സുരേഷിന്റെയും അടുര്‍ പ്രകാശിന്റെയും പേരുകളും ചര്‍ച്ചയിലുണ്ടെങ്കിലും എല്ലാ ഗ്രൂപ്പുകളുടേയും പിന്തുണ ഇല്ലാത്തതാണ് തടസം. എന്നാല്‍, സുധാകരനെ പിന്തുണയ്ക്കാനാണ് കെസി വേണുഗോപാലിന്റെ നിലവിലെ തീരുമാനം.

ആര്‍എസ്എസിനെ അനുകൂലിച്ച സുധാകരനെ ന്യായീകരിക്കുകയാണ് നേതാക്കള്‍. ചെന്നിത്തല പിന്തുണച്ചതോടെ വി ഡി സതീശനും കഴിഞ്ഞ ദിവസത്തെ നിലപാടില്‍ അയവു വരുത്തി. സുധാകരന്‍ രാഹുലിന് കത്ത് നല്‍കിയെന്ന വാര്‍ത്തകളും ഇരുവരും നിക്ഷേധിച്ചു. അതേസമയം, കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം മാറ്റിവെച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സുധാകരന് പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് എന്നാണ് വിശദീകരണം.