തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. നഗരസഭയിലെ താത്ക്കാലിക നിയമന കാര്യത്തിൽ മേയർ ആര്യ രാജേന്ദ്രൻ സിപിഎമ്മിലെ മുതിർന്ന നേതാക്കളെ മാതൃകയാക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപി വിളപ്പിൽ ഏരിയാ കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഭരണകാലയളവ് സ്വന്തക്കാർക്ക് വേണ്ടത് ചെയ്തുകൊടുക്കാൻ വേണ്ടി മാത്രമാണ് സിപിഎം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് കണ്ണൂരിൽ നിയമനം നൽകാനുള്ള നീക്കം കേരളം കണ്ടു. കാലടിയിലും കോഴിക്കോട് സർവകലാശാലയിലും ബന്ധു നിയമനനീക്കം നടന്നു. ഇതിനോടെല്ലാം വിയോജിപ്പുള്ള സിപിഎം യുവജനപ്രവർത്തകർ പ്രതിഷേധിക്കാൻ ഭയന്ന് മേയറുടെ കത്ത് പുറത്തുവിട്ടതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ട് നടത്തിയ ആർ.എസ്.എസ് നിയമന പട്ടിക പുറത്ത് വിടണമെന്ന വെല്ലുവിളിയും അദ്ദേഹം ഉയർത്തി.
ജനങ്ങളെ കബളിപ്പിച്ചാണ് പിണറായി വിജയൻ സർക്കാർ മുന്നോട്ട് പോകുന്നത്. ഗവർണർക്കെതിരെ തെരുവിൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതിന് പകരം തെളിവ് പുറത്തുവിടാൻ സിപിഎം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

