ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഭരണഘടനാനുസൃതമെന്ന് മന്ത്രി എം.ബി രാജേഷ്‌

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഭരണഘടനാനുസൃതമെന്ന് വ്യക്തമാക്കി മന്ത്രി എം.ബി രാജേഷ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് അവ്യക്തത ഇല്ല. രണഘടനാപരമായ അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ലെന്നും ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സൂചന നല്‍കി. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്നലെയാണ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്.

എന്നാല്‍, ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്‌ബേ വ്യക്തമാക്കിയിരുന്നു. ആദ്യം ഓര്‍ഡിനന്‍സ്, പിന്നാലെ ബില്‍ – അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തിയ്യതിയില്‍ ധാരണയുണ്ടാക്കും. സഭ ചേരാന്‍ തീരുമാനിച്ചാല്‍ പിന്നെ ഓര്‍ഡിനന്‍സിന്റെ പ്രസക്തിയില്ലാതാകും.