അയര്‍ലന്‍ഡിനെതിരെ 35 റണ്‍സിന്റെ വിജയവുമായി കിവീസ്‌

അഡ്ലെയ്ഡ്: ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 35 റണ്‍സിന്റെ വിജയം നേടി ന്യൂസിലാന്‍ഡ്. ഇതോടെ സെമിഫൈനല്‍ പ്രതീക്ഷകള്‍ക്കാണ് ചൂടുപകര്‍ന്നത്. അഡ്ലെയ്ഡില്‍ ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സടിച്ച കിവീസ് ഐറിഷ് പടയുടെ മറുപടി 150/9ല്‍ അവസാനിപ്പിക്കുകയായിരുന്നു.

അര്‍ദ്ധസെഞ്ച്വറി നേടിയ നായകന്‍ കേന്‍ വില്യംസണിന്റെയും (35 പന്തുകളില്‍ 61റണ്‍സ്, 5 ഫോര്‍,3 സിക്‌സ്) ഓപ്പണര്‍ ഫിന്‍ അല്ലെന്‍(18 പന്തുകളില്‍ 32 റണ്‍സ്),ഡാരില്‍ മിച്ചല്‍ (21പന്തുകളില്‍ 31 റണ്‍സ്),ഡെവോണ്‍ കോണ്‍വേയ്(28),ഗ്‌ളെന്‍ ഫിലിപ്പ്‌സ്(17) എന്നിവരുടെ മികവിലാണ് കിവീസ് 185 റണ്‍സടിച്ചത്. 19-ാം ഓവറില്‍ ഐറിഷ് ഇടംകൈയന്‍ പേസര്‍ ജോഷ് ലിറ്റില്‍ ഹാട്രിക് നേടിയെങ്കിലും അത് കിവികളുടെ സ്‌കോറിംഗിനെ ബാധിച്ചില്ല.

ഓപ്പണിംഗില്‍ അല്ലെനും കോണ്‍വേയ്യും ചേര്‍ന്ന് 5.5ഓവറില്‍ 52 റണ്‍സ് നേടിയിരുന്നു.രണ്ടാം വിക്കറ്റില്‍ വില്യംസണും കോണ്‍വേയ്യും ചേര്‍ന്ന് 96ലെത്തിച്ചു. 14-ാം ഓവറില്‍ ഗ്‌ളെന്‍ ഫിലിപ്പ്‌സ് പുറത്താകുമ്‌ബോള്‍ 114/3 എന്ന നിലയിലായിരുന്നു കിവീസ്. 18.2-ാം ഓവറില്‍ ടീം സ്‌കോര്‍ 174ല്‍ നില്‍ക്കേ ജോഷ് ലിറ്റില്‍ വില്യംസണിനെ ഡെലനിയുടെ കയ്യിലെത്തിച്ച് തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത പന്തുകളില്‍ ജെയിംസ് നീഷമിനെയും (0),മിച്ചല്‍ സാന്റ്‌നറിനെയും (0) എല്‍.ബിയില്‍ കുരുക്കിയാണ് ഹാട്രിക് തികച്ചത്.