അഗ്നിവീർ പദ്ധതിയിൽ വനിതാ സംവരണം നടപ്പാക്കും; ഇന്ത്യൻ വ്യോമസേന മേധാവി

ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയിൽ വനിതാ സംവരണം നടപ്പാക്കും. ഇന്ത്യൻ വ്യോമസേന മേധാവി വികെ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. വ്യോമസേനയിൽ 10% വനിതാ സംവരണമാണ് ഏർപ്പെടുത്തുക. ഈ വർഷം ജൂലൈയിലാണ് സംവരണത്തിന് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്. അഗ്നിവീർ സ്‌കീം വഴിയുള്ള ആദ്യ ബാച്ച് വനിതാ സൈനികരുടെ റിക്രൂട്ട്മെന്റ് നവംബറിൽ ആരംഭിക്കും.

അതേസമയം, അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിലൂടെ മിലിട്ടറി പൊലീസിൽ ചേരാൻ വനിതകളിൽ നിന്നും അപേക്ഷ നേരത്തെ ക്ഷണിച്ചിരുന്നു. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് നിയമനം. ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബെംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാം.