ന്യൂഡൽഹി: തന്റെ അഭിപ്രായം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്ന് സച്ചിൻ പൈലറ്റ്. രാജസ്ഥാനിൽ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർഭരണം നേടുമെന്നും അതിനായി ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിലുള്ള സോണിയ ഗാന്ധിയുടെ വസതിയിലെത്തിയാണ് സച്ചിൻ കൂടിക്കാഴ്ച്ച നടത്തിയത്. അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗെലോട്ട് രാജസ്ഥാനിൽ ഹൈക്കമാന്റിന് അതൃപ്തി ഉണ്ടാക്കിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.
സോണിയ ഗാന്ധിയുമായി അശോക് ഗെഹ്ലോട്ട് ചർച്ച നടത്തിയിരുന്നു. ഒന്നര മണിക്കൂറോളം നേരം ചർച്ച നീണ്ടു. സച്ചിൻ പൈലറ്റിനായി രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയാൻ ഗെലോട്ട് തയ്യാറായില്ല. ഇരട്ട പദവി വഹിക്കുന്നതിന് കോൺഗ്രസ് നേതൃത്വം അനുമതിയും നൽകിയില്ല. തുടർന്നാണ് അദ്ദേഹത്തിന്റെ പിന്മാറ്റമെന്നാണ് വിവരം.

