രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; പോപ്പുലര്‍ ഫ്രണ്ട്‌ നിരോധനത്തിനെതിരെ എസ്ഡിപിഐ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട്‌ നിരോധനത്തിനെതിരെ എസ്ഡിപിഐ രംഗത്ത്. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അന്വേഷണ ഏജന്‍സികളെയും നിയമത്തെയും ദുരുപയോഗിക്കുകയാണെന്നും, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായ എസ് ഡി പി ഐയെ നിരോധിച്ചിട്ടില്ല.

അതേസമയം, ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും ബിജെപി സര്‍ക്കാരിന്റെ തെറ്റായ നടപടികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ അറസ്റ്റും റെയ്ഡും നടക്കുന്നുവെന്നും എസ്ഡിപിഐ ആരോപിച്ചു.