വീണ്ടുവിചാരം; അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം നിരസിച്ച് മുകുൾ റോത്തഗി

ന്യൂഡൽഹി: അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം നിരസിച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി. വീണ്ടുവിചാരം ഉണ്ടായതിനാലാണ് പദവി നിരസിക്കുന്നതെന്ന് മുകുൾ റോത്തഗി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യത്തിന്റെ പരമോന്നത നിയമ ഉദ്യോഗസ്ഥ പദവിയിൽ തന്റെ പേര് പരിഗണിച്ച കേന്ദ്രസർക്കാരിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. പുതിയ അറ്റോർണി ജനറലായി ഒക്ടോബർ ഒന്നിന് മുകുൾ റോത്തഗി ചുമതല ഏൽക്കുമെന്നായിരുന്നു നേരത്തെ കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നത്. കെ. കെ. വേണുഗോപാലാണ് നിലവിലെ അറ്റോർണി ജനറൽ. സെപ്തംബർ 30-ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയോട് അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, അറ്റോർണി ജനറൽ ആകാനുള്ള തീരുമാനത്തിൽ നിന്ന് അദ്ദേഹം പെട്ടെന്ന് പിന്മാറുകയായിരുന്നു.

അതേസമയം, അടുത്ത എ.ജി. ആരാകണമെന്ന കാര്യത്തിൽ സർക്കാർതലത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഈ സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം. അദ്ദേഹത്തിനാണ് മുൻഗണന കൂടുതലുള്ളത്. കെ കെ വേണുഗോപാലിന്റെ കാലാവധി കുറച്ചു നാളത്തേക്ക് കൂടി നീട്ടുന്നതിനുള്ള സാധ്യതയും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.