കട്ടപ്പന: അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ പ്രധാന പാതയായ കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ 27 ഇടങ്ങളിൽ അപകട സാധ്യത കൂടുതലുണ്ടെന്ന കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്. അപകട സാധ്യത കൂടുതലായുമുള്ളത് കഴിഞ്ഞ ഒക്ടോബറിലെ കനത്ത മഴയിൽ തകർന്ന ഭാഗത്താണ്. ടാർ വീപ്പയും റിബണും ഉപയോഗിച്ചാണ് ഇവിടങ്ങളിൽ അപകട സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 16 – ന് ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ള പാച്ചിലിലും കുട്ടിക്കാനത്തിനും മുപ്പത്തിയഞ്ചാം മൈലിനും ഇടയിൽ ഏഴിടങ്ങളിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിരുന്നു. റോഡിലേക്ക് വീണ മണ്ണും കല്ലും ഇതുവരെ മാറ്റിയിട്ടില്ല. അത് അപകടം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ശബരിമല സീസണിൽ കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിൽ ഒട്ടേറെ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ അപകടം സംഭവിക്കുന്നത് മുണ്ടക്കയം മുതൽ കുമളി വരെയുള്ള ഭാഗത്താണ്.
അപകട സാധ്യതയേറിയ കൊടും വളവുകളിൽ അടക്കം ക്രാഷ് ബാരിയറുകൾ ഇല്ലെന്നുള്ളതും പ്രധാന പോരായ്മയാണ്. സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സിഗ്നൽ ലൈറ്റുകളും ആവശ്യമുള്ളയത്രയില്ല. റോഡിലേക്ക് കയറ്റി സ്ഥാപിച്ചിട്ടുള്ള വൈദ്യുത തൂണുകളും ട്രാൻസ്‌ഫോർമറുകളും മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്നു. വണ്ടിപ്പെരിയാർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥ സംഘം തയ്യാറാക്കിയ റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറുമെന്നാണ് വിവരം.

