കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാരം നാളെ രാവിലെ 9 ന് നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിൽ നടക്കും. നിലമ്പൂരിലെ വീട്ടിൽ ഞായറാഴ്ച്ച അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും.

1935 മേയ് 15നാണ് ആര്യാടൻ മുഹമ്മദ് ജനിച്ചത്. നിലമ്പൂർ ഗവ.മാനവേദൻ ഹൈസ്‌കൂളിലായിരുന്നു അദ്ദേഹം ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കൂടിയായിരുന്നു അദ്ദേഹം. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയായിരുന്നു അദ്ദേഹം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

1959 ൽ അദ്ദേഹം വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1960 ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962 ൽ വണ്ടൂരിൽ നിന്ന് കെപിസിസി അംഗമായി. 1969 ൽ മലപ്പുറം ഡിസിസി പ്രസിഡന്റായി. 1978 മുതൽ കെപിസിസി സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. 1977ൽ അദ്ദേഹം നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി. 1980 ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയിൽ. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വർഷം എംഎൽഎ ആകാതെ ഇടത് മുന്നണി മന്ത്രിസഭയിൽ വനം തൊഴിൽ മന്ത്രിയായി.

പിന്നീട് ആര്യാടന് വേണ്ടി സി ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ, മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചു. 1987 മുതൽ 2011 വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടൻ മുഹമ്മദ് വിജയിച്ചു. 1995ൽ ആന്റണി മന്ത്രിസഭയിൽ തൊഴിൽ ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായും സേവനം അനുഷ്ഠിച്ചു.