കേരളം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി ചെണ്ട കൊട്ടി രസിക്കുകയായിരുന്നു; രൂക്ഷ വിമർശനവുമായി വി മുരളീധരൻ

കൊച്ചി: സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കേരളം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി ചെണ്ട കൊട്ടി രസിക്കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളെ കുറിച്ചായിരുന്നു ഈ പരാമർശം.

കേരളത്തിൽ ഇന്നുവരെ ഇത്ര വ്യാപകമായ ആക്രമണങ്ങൾ നടന്നിട്ടില്ല. പൊലീസിന് മുന്നിലാണ് അക്രമികൾ അഴിഞ്ഞാടിയത്. ഇസ്ലാമിക ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള സർവസ്വാതന്ത്ര്യവും കേരള സർക്കാർ നൽകിയെന്നാണ് സംസ്ഥാനത്തുടനീളം നടന്ന അക്രമണങ്ങൾ സൂചിപ്പിക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഒരു സ്ഥലത്തും ഒരു നടപടിയും അക്രമം തടയാൻ എടുത്തില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് ആലപ്പുഴയിൽ വിദ്വേഷ പ്രകടനം നടത്തിയ ആളുകൾക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം നൽകിയത് കേരളത്തിലെ ആഭ്യന്തര വകുപ്പാണ്. ആ അനുവാദത്തിന്റെ അടിസ്ഥാനത്തിലും അതിൽ നിന്ന് ലഭിച്ച ഊർജവുമാണ് കേരളത്തിലുടനീളം അക്രമം നടത്താൻ പോപ്പുലർ ഫ്രണ്ടുകാർക്ക് ധൈര്യം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെ ഒന്നിപ്പിക്കാൻ യാത്ര നടത്തുന്ന മഹാൻ ഇന്നലെ ചാലക്കുടിയിൽ കണ്ടെയ്നറിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും അദ്ദേഹം പരഹസിച്ചു. പുറത്തു നടക്കുന്നതൊന്നും അദ്ദേഹം അറിഞ്ഞില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. ഇസ്ലാമിക ഭീകരവാദത്തിനെതിരായിട്ട് അദ്ദേഹത്തിന് നാവ് പൊങ്ങാത്തതെന്താണെന്ന ചോദ്യവും വി മുരളീധരൻ ഉന്നയിച്ചു.