തിരുവനന്തപുരം: തിരുവനന്തപുരത്ത് 107 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ. ഇവരിൽ 13 പേർ അപകടകാരികളാണെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത്രയധികം പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ജില്ലവിട്ടിരുന്ന ഇവർ ഓണത്തോട് അനുബന്ധിച്ചാണ് തിരിച്ചെത്തിയത്. ഇത് മനസിലാക്കിയാണ് പോലീസ് പരിശോധന നടത്തിയത്.
94 പേർ വിവിധ കോടതികളിൽ നിന്ന് വാറന്റ് ഉണ്ടായിട്ടും ഹാജരാകാതെ മുങ്ങിനടന്നവരാണ്. 13 പേർ ഗുണ്ടാ കേസുകളിലടക്കം ഉൾപ്പെട്ട് ഒളിവിൽ പോയവരാണെന്നും ഇവർ അപകടകാരികളാണെന്നും പോലീസ് അറിയിച്ചു. വിവിധ കേസുകളിൽ നിരവധി തവണ വാറന്റ് അയച്ചിട്ടും പലരും ഹാജരാകുന്നില്ലെന്ന് പോലീസിന് നേരത്തെ പരാതികൾ ലഭിച്ചിരുന്നു. ഇതോടെയാണ് ഒളിവിൽ പോയവരെ കണ്ടെത്താൽ റെയ്ഡ് നടത്താൻ പോലീസ് തീരുമാനിച്ചത്.
വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, കാട്ടാക്കട അടക്കമുള്ള പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. അഞ്ച് ഡിവൈഎസ്പിമാരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

