കോൺഗ്രസിനേറ്റ കനത്ത പ്രഹരം; ഗുലാം നബി ആസാദിന്റെ രാജിയിൽ പ്രതികരണവുമായി ഒമർ അബ്ദുള്ള

ന്യൂഡൽഹി: ഗുലാം നബി ആസാദിന്റെ രാജിയിൽ പ്രതികരണവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ഗുലാം നബി ആസാദിന്റെ രാജി പാർട്ടിക്കേറ്റ കനത്ത പ്രഹരമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസിന് തിരിച്ചടിയുണ്ടെന്ന് ഏറെ നാളായി അഭ്യൂഹങ്ങൾ പരക്കുകയായിരുന്നു. ഗുലാം നബിയുടെ രാജി കോൺഗ്രസിനേറ്റ കനത്ത പ്രഹരമാണ്. സമീപകാലത്ത് പാർട്ടി വിട്ട ഏറ്റവും മുതിർന്ന നേതാവായ അദ്ദേഹത്തിന്റെ രാജിക്കത്ത് തന്നെ വളരെ വേദനാജനകമാണ്. രാജ്യത്തെ മഹത്തായ ഈ വലിയ പാർട്ടി തകരുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസിന്റെ പ്രാഥമിക അംഗത്വമാണ് ഗുലാം നബി ആസാദ് രാജിവച്ചത്. ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രാഥമിക അംഗത്വവും രാജിവെച്ചത്. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളാണ് ഗുലാം നബി ആസാദ്.

നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയ നേതാവാണ് ഗുലാം നബി ആസാദ്. കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തുറന്ന കത്തെഴുതിയ ജി 23 നേതാക്കളിൽ അദ്ദേഹവും ഉൾപ്പെടുന്നു.

പാർട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുൽ ഗാന്ധി തകർത്തുവെന്ന് രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിക്കുന്നു. മുതിർന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി എന്നും ഗുലാം നബി ആസാദ് രാജിക്കത്തിൽ വിമർശിക്കുന്നു. രാഹുൽ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറി. തിരിച്ചുവരാനാകാത്ത വിധം കോൺഗ്രസിനെ രാഹുൽ ഗാന്ധി തകർത്തുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.