പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ല; ഉത്തരവ് പുറത്തിറക്കി രാജ്യസഭാ സെക്രട്ടറി ജനറൽ

ന്യൂഡൽഹി: പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കി. രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഒറ്റ വരിയിലുള്ള ഉത്തരവാണ് പുറത്തിറക്കിയത്. പാർലമെന്റ് മന്ദിര വളപ്പിൽ പ്രകടനം, ധർണ്ണ, സമരം, ഉപവാസം, എന്നിവ പാടില്ല. മതപരമായ ചടങ്ങളുകളും അനുവദിക്കില്ലെന്നും അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അഴിമതി, അഴിമതിക്കാരൻ, സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് പരത്തുന്നവൻ, ഖലിസ്ഥാനി, വിനാശ പുരുഷൻ തുടങ്ങി അറുപതിലേറെ വാക്കുകളെ പാർലമെന്റിന് ഉള്ളിൽ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇത്തരം പദങ്ങൾ പാർലമെന്റിൽ ഉപയോഗിച്ചാൽ അത് രേഖകളിൽ നിന്ന് നീക്കും. നിർദേശങ്ങൾ ലോക്സഭയ്ക്കും രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു. ഭരണപക്ഷത്തിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ ഫലമായാണ് നിർദേശമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. മോദി സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം പതിവായി ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.