സുപ്രീംകോടതി ജസ്റ്റിസുമാര്‍ക്കെതിരെ വ്യാജപ്രചരണം; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട്‌ നീക്കം ചെയ്യണമെന്ന് ബംഗളൂരു കോടതി

മൈന്‍ഡ് എസ്‌കേപ്സ് ക്ലബ്ബ് ഉടമ ദിപാലി സിക്കന്ദിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചരിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും നീക്കം ചെയ്യണമെന്ന് ഫെയ്‌സ്ബുക്ക്, ലിങ്ക്ഡിന്‍, ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബംഗളൂരു കോടതി നിര്‍ദ്ദേശം നല്‍കി. ഈ ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും അപകീര്‍ത്തികരമായ രീതിയിലുള്ള കമന്റുകളും പ്രചാരണങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എന്‍ റാമും ഭാര്യ മറിയവും ക്ഷണിക്കപ്പെട്ട ചില അതിഥികള്‍ക്ക് മൈന്‍ഡ്എസ്‌കേപ്സ് ക്ലബ്ബില്‍ വെച്ച് വിരുന്ന് നല്‍കിയിരുന്നു. തമിഴ്‌നാട് ധനമന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍, എന്‍ഡിടിവി സ്ഥാപകന്‍ പ്രണോയ് റോയ്, എന്‍ഡിടിവി സ്ഥാപക രാധിക റോയ്, സിപിഐ എം നേതാക്കാളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരാണ് വിരുന്നില്‍ പങ്കെടുത്തത്. സിക്കന്ദ് തന്റെ സ്വകാര്യ ഫെയ്സ്ബുക്കിലും ലിങ്ക്ഡിന്‍ പേജിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം, നൂപുര്‍ ശര്‍മയുടെ നബി വിരുദ്ധ പരാമര്‍ശ കേസില്‍ ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റില് പര്‍ദിവാലയും നടത്തിയ പ്രസ്താവനകള്‍ വിവാദമായതിനെ തുടര്‍ന്ന് നക്‌സല്‍ ഗ്രൂപ്പുകള്‍ക്കും, കമ്മ്യൂണിസ്റ്റുകള്‍ക്കുമൊപ്പം ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു എന്ന തലക്കെട്ടോടുകൂടി നിരവധി പേര്‍ സിക്കന്ദിന്റെ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചരണം നടത്തി. ഇത്തരം വ്യാജവും അപകീര്‍ത്തികരവുമായ ഉള്ളടക്കം തന്റെയും അതിഥികളുടെയും അവകാശങ്ങളുടെ ലംഘനമാണെന്നും തങ്ങളുടെ പ്രശസ്തിക്കും സല്‍പേരിനും ഇത്തരം പ്രചാരണങ്ങള്‍ മുറിവേല്‍പിച്ചെന്നും ചൂണ്ടിക്കാട്ടി ദിപാലി സിക്കന്ദ് കോടതിയെ സമീപിക്കുകയായിരുന്നു.