പൊലീസ് ദിലീപിനെതിരെ വ്യാജതെളിവുണ്ടാക്കി; നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി ആർ ശ്രീലേഖ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ ഡി.ജി.പി ആർ. ശ്രീലേഖ. പൊലീസ് ദിലീപിനെതിരെ വ്യാജതെളിവുണ്ടാക്കിയെന്ന ഗുരുതര ആരോപണമാണ് ശ്രീലേഖ ഉന്നയിച്ചിട്ടുള്ളത്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ ഇക്കാര്യം വ്യക്തമാക്കിയത്.

സാക്ഷികൾ കൂറുമാറിയത് പൊലീസ് അന്വേഷണം ശരിയായി നടക്കാത്തതിനാലാണ്. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തി.

ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാദ്ധ്യമങ്ങളാണ്. പൊലീസിന് മേൽ മാദ്ധ്യമങ്ങളുടെ വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. പൾസർ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുൻ ഡിജിപി പറഞ്ഞു.

തന്നോട് ചില നടിമാർ ഇക്കാര്യം പറഞ്ഞിരുന്നു. ഇവരോട് പരാതിപ്പെടാതിരുന്നതിനെതിരെ താൻ ചൂടായെന്നും എന്നാൽ കരിയർ തകർച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റിൽ ചെയ്തതെന്നാണ് നടിമാർ പറഞ്ഞത്. വിശ്വാസ്യത പിടിച്ചുപറ്റി പൾസർ സുനി തട്ടിക്കൊണ്ടുപോയി മൊബൈലിൽ ഇതുപോലെ ചിത്രങ്ങൾ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്തതായി അവർ തന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോൾ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാൽ ഏറ്റവും കൂടുതൽ മാനഹാനി തനിക്കാണെന്നുമുളളതു കൊണ്ടും കാശ് കൊടുത്ത് സെറ്റിൽ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ അറിയിച്ചു.

പൾസർ സുനിയെ കസ്റ്റഡിയിലെടുത്ത സമയം തന്നെ ഇത് ആരെങ്കിലും ചെയ്യിച്ചതാണെന്ന് പറയുമായിരുന്നു. എന്നാൽ അന്ന് അത്തരത്തിൽ ഒന്നും പറഞ്ഞിരുന്നില്ല. പൾസർ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും കാമറയുണ്ട്. അതിൽ പൾസർ സുനി ഫോണിൽ സംസാരിക്കുന്ന ദൃശ്യമുണ്ടായിരുന്നു. അവനേയും അവന്റെ കൂട്ടുകാരേയും കോടതിയിൽ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരിൽ ഒരു പൊലീസുകാരൻ പൾസർ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നത് പോലെ നടന്നുവെന്ന് സംശയിക്കുന്നത് പോലെയുളള വീഡിയോ കിട്ടിയിരുന്നു. ആ പൊലീസുകാരനാണ് ഈ ഫോൺ കൊടുത്തത് എന്ന സംശയത്തിലാണ് പൊലീസെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി.

ഇക്കാര്യം ചൂണ്ടിക്കാട്ടി താൻ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് ഒരു കത്ത് എഴുതി എന്ന രേഖ പുറത്ത് വന്നു. സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങൾ അതിനകത്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാൽ മതി. അത്യാവശ്യമായിട്ട് എനിക്ക് മുന്നൂറ് രൂപ അയച്ചുതരണം മണി ഓർഡറായിട്ട്. എന്നൊക്കെയാണ് കത്തിൽ പറഞ്ഞിരുന്നത്. ഒന്നര രൂപ കോടിയുടെ ക്വട്ടേഷനാണിതെന്നും എത്രയോ വർഷങ്ങൾക്ക് മുമ്പ് 2012ലോ 2013നോ ആണ് ക്വട്ടേഷൻ പൾസർ സുനിയെ ഏൽപ്പിച്ചിരുന്നത് എന്നൊക്കെയുള്ള കഥകൾ പടർന്നിരുന്നു. സമയമൊത്ത് വന്നപ്പോൾ ക്വട്ടേഷൻ നടത്തുകയും പതിനയ്യായിരം രൂപ അയാൾക്ക് അഡ്വാൻസായി നൽകിയെന്നും കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഒന്നരക്കോടിക്ക് ക്വട്ടേഷൻ എടുത്ത ആളാണ് മുന്നൂറ് രൂപ ചോദിച്ച് കത്തയക്കുന്നത്. നടീനടന്മാരുടെ സംഘടന ചേർന്ന് ഈ സംഭവത്തെ അപലപിച്ച സമയത്ത് ആദ്യമായി ഒരാൾ ഒരു ഗൂഢാലോചനയുണ്ടെന്ന് പറയുകയും പെട്ടെന്ന് ഒരു ദിവസം പത്രങ്ങളിലൂടെ ദിലീപ് എന്ന നടന്റെ പേര് കേൾക്കുകയും ചെയ്തുവെന്ന് ശ്രീലേഖ വീഡിയോയിൽ വ്യക്തമാക്കുന്നു.

ദിലീപിന്റെ പെട്ടെന്നുളള ഉയർച്ചയിൽ ഒരുപാട് ശത്രുക്കളുണ്ടായിരുന്നു. കേസിൽ പല തിരിമറികളും നടന്നതായി താൻ സംശയിക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് തനിക്ക് പെരുമാറ്റച്ചട്ടങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ പറയേണ്ട സ്ഥലങ്ങളിൽ താൻ ഇക്കാര്യം പറഞ്ഞിരുന്നു. തനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ചെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരൻ വിപിൻലാലാണ്. ഇയാൾ ജയിലിൽ നിന്ന് കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.