വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎമ്മിന്റേതെങ്കിലും സിപിഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. മന്ത്രിയുടെ പ്രസംഗം ഗുരുതരമാണെന്നായിരുന്നു സിപിഐയുടെ പരസ്യ നിലപാട്. കോടതികളില്‍ നിന്ന് തീരുമാനം വരുന്നതു വരെ സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്ന നിലപാടിലാണ് ഘടകകക്ഷികള്‍ എന്നാണ് സൂചന.
അതേസമയം, മന്ത്രിയുടെ രാജി വിഷയത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. എന്നാല്‍, രാജിയില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടേയെന്ന നിലപാടിലാണ് നിലവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമുള്ളത്.
രൂക്ഷവിമര്‍ശനമാണ് സജി ചെറിയാനെതിരെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത്. ഭരണഘടനയെക്കുറിച്ച് സജി ചെറിയാന്‍ പറഞ്ഞത് നാക്കുപിഴയാണെന്ന വിശദീകരണത്തെ സിപിഐഎം സെക്രട്ടറിയേറ്റ് ഭാഗികമായെങ്കിലും അംഗീകരിച്ചെന്നാണ് വിവരം. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സജി ചെറിയാനോട് സിപിഐഎം നേതൃത്വം പറഞ്ഞു. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന വിധത്തില്‍ പ്രതികരിക്കരുതെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.

