തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്.
കളക്ടർ ചെയർമാനും ഡിഎംഒ വൈസ് ചെയർമാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷണം നടത്തണമെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സാ പിഴവ് മൂലം രോഗികൾ തുടർച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആശുപത്രിക്കെതിരെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.
അതേസമയം, പാലക്കാട് തങ്കം ആശുപത്രിക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മരിച്ച കാർത്തികയ്ക്കും ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കൾ പരാതിപ്പെടുന്നത്. കാർത്തികയ്ക്ക് അനസ്‌തേഷ്യ നൽകാൻ ട്യൂബ് ഇറക്കരുതെന്ന് പറഞ്ഞു. എന്നിട്ടും ആശുപത്രി അധികൃതർ ട്യൂബ് ഇറക്കി. അങ്ങനെയാണോ അനസ്‌തേഷ്യ നൽകേണ്ടത്, എന്താണ് നടന്നതെന്ന് അറിയണമെന്ന് കാർത്തികയുടെ ബന്ധുക്കൾ പറഞ്ഞു. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും കാർത്തികയുടെ ബന്ധുക്കൾ അറിയിച്ചു.

