ന്യൂഡൽഹി: പ്രവാചക നിന്ദ പരാമർശത്തെ തുടർന്ന് വിവാദത്തിലായ ബിജെപി വക്താവായിരുന്ന നൂപുർ ശർമ രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി. സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് കോടതി നൂപുർ ശർമ്മയോട് രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. ഉദയ്പുർ കൊലപാതകം ഉൾപ്പെടെ രാജ്യത്ത് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണം നൂപുർ ശർമയുടെ പ്രസ്താവനയാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പാർട്ടി വക്താവ് എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസല്ലെന്നും പ്രസ്താവന പിൻവലിച്ച് രാജ്യത്തോട് മാപ്പുപറയണമെന്നും കോടതി അറിയിച്ചു.
തികച്ചും അപക്വമായ പ്രസ്താവനയാണ് നൂപുർ ശർമയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് വിമർശിച്ചു. അപക്വമായ പ്രസ്താവന രാജ്യത്ത് വലിയ തോതിലുള്ള അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെച്ചതായി ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഉദയ്പുരിലുണ്ടായ ദാരുണ സംഭവത്തിന് പോലും വഴിവെച്ചത് ഈ പ്രസ്താവനയാണെന്നും കോടതി വിശദമാക്കി.
നൂപുർ ശർമ്മയുടെ വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവർ കരുതിയോയെന്നും സുപ്രീം കോടതി വിമർശിച്ചു. അതേസമയം, ഒരു വാർത്ത ചാനലിലെ ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് പരാമർശങ്ങൾ നടത്തിയതെന്നും ചാനൽ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് നൂപുർ ശർമയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് ചാനൽ അവതാരകനെതിരേ നടപടി സ്വീകരിച്ചില്ലെന്നും കോടതി ചോദിച്ചു. പ്രസ്താവന പിൻവലിച്ച് ഖേദം രേഖപ്പെടുത്തിയെന്ന് അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

