എകെജി സെന്റര്‍ ആക്രമണം; കുറ്റം ചെയ്തവരെ കണ്ടെത്തുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ‘മഹാനായ എകെജിയും അദ്ദേഹത്തിന്റെ പേരിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്’- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവര്‍ക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങള്‍ക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ ഉയര്‍ന്ന ബോധത്തോടെ മുന്നില്‍ നില്‍ക്കണമെന്ന് മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. മഹാനായ എ കെ ജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

അതേസമയം, നേരത്തേ ബോംബാക്രമണം നടന്ന എ കെ ജി സെന്റര്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും സ്‌ഫോടക വസ്തു എറിഞ്ഞ സ്ഥലം അദ്ദേഹം പരിശോധിക്കുകയും ചെയ്തു. ടി പി രാമകൃഷ്ണന്‍, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം എ കെ ജി സെന്ററിലെത്തിയത്.