185 പേരുടെ ജീവന്‍ രക്ഷിച്ച ക്യാപ്റ്റന്‍ മോണിക്ക ഖന്ന എന്ന ഹീറോയിന്‍

ബീഹാറിലെ പട്നയില്‍ 185 യാത്രക്കാരുമായി പോവുകയായിരുന്ന സ്‌പൈസ് ജെറ്റിന്റെ പട്ന-ഡല്‍ഹി വിമാന പറക്കുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തീ പിടിച്ച സംഭവം ദുരന്തമായി മാറാതെ നോക്കിയതില്‍ പൈലറ്റിന്റെ പങ്ക് വളരെ പ്രധാനമായിരുന്നു. ക്യാപ്റ്റന്‍ മോണിക്ക ഖന്നയായിരുന്നു ആ ഹീറോയിന്‍.

സംഭവം ഇങ്ങനെ

സ്പൈസ്ജെറ്റ് ബോയിംഗ് 737 ജൂണ്‍ 19 ഞായറാഴ്ച പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന സമയത്ത് ഒന്നാം നമ്ബര്‍ എഞ്ചിനില്‍ നിന്ന് തീപ്പൊരി വരുന്നതിനെക്കുറിച്ച് ക്യാബിന്‍ ക്രൂ, പൈലറ്റ് ഇന്‍-ചാര്‍ജ് ആയിരുന്ന ക്യാപ്റ്റന്‍ മോണിക്ക ഖന്നയെ അറിയിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ ഖന്ന ആദ്യം തകരാറിലായ എഞ്ചിന്‍ സ്വിച്ച് ഓഫ് ചെയ്തു. ഫസ്റ്റ് ഓഫീസര്‍ ബല്‍പ്രീത് സിംഗ് ഭാട്ടിയക്കൊപ്പം വിദഗ്ദ്ധമായി ലാന്‍ഡിംഗ് നടത്തി. വിമാനം തിരികെ ലാന്‍ഡ് ചെയ്യുമ്‌ബോള്‍ ഒരു എഞ്ചിന്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ലാന്‍ഡ് ചെയ്ത് വിമാനം എഞ്ചിനീയര്‍മാര്‍ പരിശോധിച്ചു. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഫാന്‍ ബ്ലേഡും എഞ്ചിനും കേടായതായി ഇവര്‍ സ്ഥിരീകരിച്ചു.

2018ലാണ് ക്യാപ്റ്റന്‍ മോണിക്ക ഖന്ന സ്പൈസ്ജെറ്റില്‍ ചേരുന്നത്. എമിറേറ്റ്സ് ഏവിയേഷന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ബല്‍പ്രീത് സിംഗ് ഭാട്ടിയ ജെറ്റ് എയര്‍വേയ്സില്‍ രണ്ട് വര്‍ഷം ജോലി ചെയ്ത ശേഷം 2019ലാണ് സ്പൈസ്ജെറ്റില്‍ എത്തുന്നത്.