അനിത പുല്ലയില്‍ എത്തിയത് ഓപ്പണ്‍ ഫോറത്തില്‍; അന്വേഷണം നടത്തില്ലെന്ന് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ ആരോപണവിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതില്‍ അന്വേഷണം നടത്തില്ലെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

‘അനിത പങ്കെടുത്ത വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അനിതയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല. ഓപ്പണ്‍ ഫോറത്തിലായിരിക്കും പങ്കെടുത്തത്. നോര്‍ക്കയുടെ പട്ടികയില്‍ ഇവര്‍ ഇല്ലാത്ത സ്ഥിതിക്കും ലോകകേരള സഭയില്‍ പങ്കെടുക്കാത്ത സ്ഥിതിക്കും അന്വേഷണം ആവശ്യമില്ല’- അദ്ദേഹം വ്യക്തമാക്കി.

പ്രവാസി ഡെലിഗേറ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, സഭാംഗങ്ങള്‍, പ്രത്യേക ക്ഷണിതാക്കള്‍, സംഘാടകര്‍ എന്നിവര്‍ക്കായിരുന്നു സമ്മേളനം നടന്ന നിയമസഭാ വളപ്പിനുള്ളില്‍ പ്രവേശനമുണ്ടായിരുന്നത്. എല്ലാവര്‍ക്കും പാസ് നല്‍കിയായിരുന്നു നിയന്ത്രണം. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്കും പാസ് നിര്‍ബന്ധമാക്കിയിരുന്നു. അതേസമയം, പ്രവാസിയായ അനിത സമ്മേളനത്തിന്റെ ആദ്യ ദിവസമായ വെള്ളിയും സമാപന ദിവസമായ ഇന്നലെയും നിയമസഭയില്‍ ചുറ്റിക്കറങ്ങുകയും ഒട്ടേറെ പേരുമായി സംസാരിച്ചിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിനിധികളുടെ പട്ടികയില്‍ അനിതാ പുല്ലയില്‍ ഇല്ലായിരുന്നെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. അനിത പാസ് ധരിച്ചിരുന്നുമില്ല.