കണ്ണിൽ ചോരയില്ലാത്ത നടപടി; ലോക കേരളസഭ ബഹിഷ്‌ക്കരിച്ചതിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതിനെതിരെയാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. പ്രവാസികളുടെ സമ്മേളനമായ ലോക കേരള സഭയോട് പുറം തിരിഞ്ഞു നിൽക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത് കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ ആരംഭിക്കുന്നതിനു മുന്നോടിയായി ഇവരുടെ തലപ്പത്തുള്ളവരുമായി ചർച്ച നടത്തിയപ്പോൾ പങ്കെടുക്കുമെന്ന സൂചനയാണ് നൽകിയത്. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ സമാപന യോഗത്തിൽ പ്രവാസി പ്രതിനിധികളെ സംബോധന ചെയ്ത് ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ സമ്മേളനത്തിലും എം. പിമാരുടെ യോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കാമെങ്കിൽ ലോകകേരള സഭ ബഹിഷ്‌ക്കരിക്കുന്നതിന് പിന്നിലെ കാരണമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇത് തീർത്തും അപഹാസ്യമായ നിലപാടാണ്. പ്രവാസി സഹോദരങ്ങൾ നാടിന്റെ വികസനമാണ് ആഗ്രഹിക്കുന്നത്. നാടും ജനങ്ങളും ലോക മലയാളികളും ഇത് മനസർപ്പിച്ച് മുന്നേറുന്നു. അത് നടക്കാൻ പാടില്ലെന്ന ചിന്തയാണ് ബഹിഷ്‌ക്കരണത്തിന് പിന്നിലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള വികസന പദ്ധതികൾ മുഖ്യമന്ത്രി വിശദീകരിച്ചു. 5 ജി നെറ്റ്‌വർക്ക് സേവന രംഗത്ത് മുന്നിലെത്താൻ സംസ്ഥാനം പാക്കേജ് തയ്യാറാക്കും. ഇത് നാല് ഐ. ടി ഇടനാഴികളിൽ നടപ്പാക്കും. ഇതിനായി ഉന്നതതല കമ്മിറ്റി രൂപീകരിക്കും. കേരളത്തിലെ പരമ ദരിദ്ര കുടുംബങ്ങളുടെ കണക്ക് എടുത്തിട്ടുണ്ട്. ഇവരെ അതിദാരിദ്ര്യാവസ്ഥയിൽ നിന്ന് ഉയർത്തുന്നതിന് 100 കോടി രൂപ സർക്കാർ മാറ്റിവച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു.

കേരള മൈഗ്രേഷൻ സർവേ നടത്തി പ്രവാസി മലയാളികളുടെ ഡാറ്റാ ബാങ്ക് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനായി പ്രവാസി ഡാറ്റാ പോർട്ടലും ഒരുക്കും. ഇതിലൂടെ വിപുലമായ ആഗോള രജിസ്‌ട്രേഷൻ കാമ്പയിൻ നടത്തും. പ്രവാസി ഡാറ്റാ ശേഖരണം അടിയന്തരമായി നടത്തേണ്ട വിഷയമാണ്. കൃത്യമായ വിവരമില്ലാത്തത് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കും തടസമുണ്ടാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരള സഭ സമീപ ഭാവിയിൽ നിയമപ്രകാരമുള്ള സഭയമായി മാറും. പ്രവാസി സമൂഹവും കേരളവും തമ്മിൽ ഇനി കടലുകളുടെ വിടവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒറ്റമനസായി മുന്നോട്ടു പോകും. ലോക കേരള സഭയുടെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ തീരുമാനമെടുക്കും. ഇതിൽ കേന്ദ്രവുമായി ആലോചിച്ച് നടപ്പാക്കേണ്ടവ അങ്ങനെയും സംസ്ഥാനം മാത്രമായി തീരുമാനമെടുക്കേണ്ടത് അത്തരത്തിലും പരിഗണിക്കും. പ്രവാസി സമൂഹത്തെക്കുറിച്ച് സംസ്ഥാനത്തിന് വലിയ കരുതലുണ്ട്. പ്രവാസി കൂട്ടായ്മയ്ക്ക് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം കേരളത്തിൽ സ്ഥാപിക്കാനാകും. ഇതിന് എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനാണ് ശ്രമിക്കുന്നത്. 25 വർഷം കൊണ്ട് ഈ സ്ഥിതിയിലെത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ പ്രവാസികൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.