കശ്മീര്‍ ഫയല്‍സുമായി ബന്ധപ്പെട്ട പ്രസ്താവന; ബജ്‌റംഗ്ദളിന്റെ പരാതിയില്‍ സായ് പല്ലവിക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരില്‍ ബജറംഗ്ദളിന്റെ പരാതിയില്‍ നടി സായ് പല്ലവിക്കെതിരെ പോലീസ് കേസെടുത്തു. ഹൈദരാബാദ് സുല്‍ത്താന്‍ ബസാര്‍ പോലീസാണ് കേസെടുത്തത്.

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്നാണ് നടി പറഞ്ഞത്. വിരാടപര്‍വം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രസ്താവന.

‘മതങ്ങളുടെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരാളെ കൊലപ്പെടുത്തിയതും കൂടി അതുപോലെ കാണണം. ഇതു രണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. നല്ല മനുഷ്യനാകാനാണ് വീട്ടുകാര്‍ എന്നോട് പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. അത് പ്രധാനമാണ്. നിങ്ങള്‍ നല്ലൊരു വ്യക്തിയാണെങ്കില്‍ തെറ്റിനെ പിന്തുണയ്ക്കുകയില്ല’- സായ് പല്ലവി പറഞ്ഞു.