തിരുവനന്തപുരം: ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാരോഗ്യം മൂലമാണ് മുഖ്യമന്ത്രി ചടങ്ങിൽ നിന്നും വിട്ടുനിന്നത്. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനെ തുടർന്നായിരുന്നു നടപടി. അതേസമയം, യുഡിഎഫ് എംഎൽഎമാർ ചടങ്ങ് ബഹിഷ്ക്കരിച്ചു. എന്നാൽ, യുഡിഎഫിന്റെ സംഘടനാ പ്രവാസി പ്രതിനിധികളെ വിലക്കിയിട്ടില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
കേരളത്തിന്റെ പുരോഗതിക്ക് പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വലുതാണെന്ന് സ്പീക്കർ എം.ബി.രാജേഷ് അറിയിച്ചു. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 35 ശതമാനമാണ് പ്രവാസികൾ അയയ്ക്കുന്ന പണം. ജിഡിപിയുടെ മൂന്നിലൊന്ന് പ്രവാസികളുടെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭ വന്നതോടെ പ്രവാസികളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാൻ ജനാധിപത്യ വേദിയുണ്ടായി. ഏഴു മേഖലകൾ കേന്ദ്രീകരിച്ച് സഭയുടെ സമിതികൾ പ്രവർത്തിക്കുന്നു. എൻആർഐ സഹകരണ സൊസൈറ്റി, നോർക്കയിലെ വനിതാ സെൽ, പ്രവാസി ലീഗൽ എയ്ഡ് സെൽ, പ്രവാസി ഡിവിഡന്റ് സൈൽ എന്നിവ ലോകകേരള സഭയിൽ വന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ യുദ്ധം ഉണ്ടായപ്പോൾ സുരക്ഷിതമായി ജനങ്ങളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞു. സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തിനു മികച്ച നേട്ടം സ്വന്തമാക്കാനായി. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ അഫോർഡബിൾ ടാലെന്റ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തി. ലോകകേരള സഭ ഉദ്ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും എല്ലാവർക്കും സ്വാഗതവും ആശംസയും അറിയിക്കുന്നതായും ഗവർണർ പറഞ്ഞു.

