സ്വർണക്കടത്ത് ആരോപണത്തിനു പിന്നിൽ ഗൂഢാലോചന; സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്വർണക്കടത്ത് ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയെന്ന പരാതിയിൽ സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ കേസെടുത്തു. കെ.ടി. ജലീലിന്റെ പരാതിയിൽ കലാപത്തിന് ശ്രമമെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആരോപണത്തിന് പിന്നാലെ പ്രതിപക്ഷപാർട്ടികൾ നടത്തിയ സമരം കലാപത്തിനു ശ്രമമെന്നായിരുന്നു പരാതി. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാനും പോലീസ് തീരുമാനിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സ്വപ്ന സുരേഷ് തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചാരണവും നടത്തിയെന്നാണ് കെ ടി ജലീൽ പരാതി നൽകിയത്. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം 153, 120 (ബി) വകുപ്പുകൾ ചുമത്തിയാണ് ക്രൈം നമ്പർ 645/22 ആയി കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ച് സ്വപ്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ജലീൽ പരാതിയിൽ പറയുന്നു. സ്വപ്നയുടെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

കന്റോൺമെന്റ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ജലീൽ പരാതി കൈമാറിയത്. ഉന്നതതല അന്വേഷണം വേണമെന്നാണ് അദ്ദേഹം പരാതിയിൽ ആവശ്യപ്പെടുന്നത്.